ഇന്ത്യയിലെ 5 സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ യുഎഇ. ഇതിനായി 5 സംരംഭങ്ങളെ യുഎഇ തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ആഗോളതലത്തിൽ ബിസിനസുകൾ വികസിപ്പിക്കാനും ഉതകുന്ന തരത്തിലാണ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുള്ളത്. പല ഘട്ടങ്ങളായി വിലയിരുത്തലുകൾ നടത്തിയാണ് ഇതിനുള്ള കമ്പനികളെ തെരഞ്ഞെടുത്തതെന്ന് യുഎഇ- ഇന്ത്യ സിഇപിഎ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി വ്യക്തമാക്കി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരമായിരുന്നു സംരംഭങ്ങളെ തെരഞ്ഞെടുത്തത്. ഈ പ്രോഗ്രാമിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി എഎൻഐയോട് പറഞ്ഞു. ജൂണിൽ ഈ പ്രോഗ്രാം തുടങ്ങിയതിന് ശേഷം 10,000 അപേക്ഷകൾ ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച 20 സ്റ്റാർട്ടപ്പുകളെ തിരിച്ചറിയാനും അത് 5 ആക്കി ചുരുക്കുകയും ചെയ്തു. യുഎഇയിലെ അവരുടെ ബിസിനസ് വിജയിപ്പിക്കാനും ആഗോളതലത്തിൽ അത് സ്കെയിൽ ചെയ്യാനും കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.









