കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ 14,206 പ്രവാസികളെ നാടുകടത്തി. തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ അറസ്റ്റിലായതാണ് ഇവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 13 മുതൽ 19 വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാസേനകൾ നടത്തിയ റെയ്ഡുകളിലാണ് അറസ്റ്റ്. ഇതിൽ 13,750 താമസ നിയമ ലംഘനം നടത്തിയവരാണ്. 4,781 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും 3,624 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്. മുമ്പ് പിടിലായതിൽ നാടുകടത്താൻ ബാക്കിയുള്ളതിൽ 21,856 പേരുടെ യാത്രാരേഖകൾക്കായി അതത് എംബസികളെ സമീപിച്ചിട്ടുണ്ട്. 4,555 പേർ ടിക്കറ്റ് ബുക്കിങ് നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്. അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,867 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യമനി പൗരന്മാരും 65 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.









