പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ സംവിധാനത്തിന് തുടക്കം. ഒമാന്റെ സിവിൽ അസോസിയേഷൻ നിയമങ്ങൾ അടിസ്ഥാനപ്പെടുത്തി പ്രത്യേക ബോഡിയായ ‘അസോസിയേഷൻ ഓഫ് എക്‌സ്പാട്രിയേറ്റ് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസ്’ ആണ് രൂപീകരിച്ചിരിക്കുന്നത്. തൊഴിൽ തർക്കങ്ങളുടെ പരിഹാരത്തിലും ലൈസൻസില്ലാത്ത റിക്രൂട്ടർമാരെ നിയന്ത്രിക്കുന്നതിലും ഈ പുതിയ സംവിധാനം പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒമാനിനകത്തും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങളുമായി റിക്രൂട്ട്മെന്റ് നയങ്ങൾ ഏകോപിപ്പിക്കുക, ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ അധികാരികൾക്ക് മുന്നിൽ പ്രതിനിധീകരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നിവയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ രാജ്യത്തെ നിയമനിർമാണത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും.









