പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിലെ ഒരക്കം മായ്ച്ചുകളഞ്ഞ ഏഷ്യക്കാരനായ ഡ്രൈവർക്ക് ദുബായ് കോടതി 5,000 ദിർഹം (ഏകദേശം 1,13,000 ഇന്ത്യൻ രൂപ) പിഴ ചുമത്തി. നിസ്സാരമായി കണ്ട ഈ തട്ടിപ്പ് റോഡ് സുരക്ഷയെ ദുർബലപ്പെടുത്തുന്ന ഗുരുതരമായ ക്രിമിനൽ നിയമലംഘനമായി കണക്കാക്കിയാണ് കോടതിയുടെ നടപടി. ദുബായ് മിസ്ഡിമീനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയുടെ അസാന്നിധ്യത്തിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൽ ഖുസൈസ് പ്രദേശത്ത് പോലീസ് നടത്തിയ പതിവ് പട്രോളിങിനിടെയാണ് ഒരു വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതായി പോലീസ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ, നമ്പർ പ്ലേറ്റിലെ ഒരക്കം മനഃപൂർവം മായ്ച്ചുകളഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം വാഹനം തിരിച്ചറിയില്ലെന്നും, അതുവഴി പാർക്കിങ് ഫീസ് ഒഴിവാക്കാമെന്നും കരുതിയാണ് താൻ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ സമ്മതിച്ചു. പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരിക്കെ മനഃപൂർവം നമ്പർ പ്ലേറ്റിൻ്റെ ഭാഗം മറച്ചതായി അധികൃതർ കോടതിയിൽ സ്ഥിരീകരിച്ചു.
നിയമലംഘനം അതീവ ഗൗരവതരം: കോടതി
നമ്പർ പ്ലേറ്റ് തിരുത്തിയത് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഔദ്യോഗിക പരിശോധനകളിൽ കോടതി കണ്ടെത്തി. കേസിൽ വിധി പ്രസ്താവിക്കവെ, നമ്പർ പ്ലേറ്റിലെ വിവരങ്ങൾ മാറ്റുന്നതോ മറച്ചുവെക്കുന്നതോ റോഡ് സുരക്ഷയെയും നിയമനടപടികളെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.
വ്യക്തമല്ലാത്തതോ മാറ്റം വരുത്തിയതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനം ഓടിക്കുന്നത് പോലും ഒരു ക്രിമിനൽ നിയമലംഘനമായി കണക്കാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഇത്തരം തട്ടിപ്പുകൾ യു.എ.ഇ.യിലെ കർശനമായ ഗതാഗത നിയമങ്ങൾ പ്രകാരം വലിയ പിഴ ശിക്ഷക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.








