ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളടക്കം തുടർച്ചയായി നാല് ദിവസമാണ് യുഎഇയിലെ ജീവനക്കാർക്ക് അവധി ലഭിക്കുക.
ഡിസംബർ 1 (തിങ്കൾ), ഡിസംബർ 2 (ചൊവ്വ) എന്നീ ദിവസങ്ങളിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് പുറമെയാണ് തിങ്കളും ചൊവ്വയും അവധി ലഭിക്കുന്നത്. ഇതോടെ തുടർച്ചയായ നാല് ദിവസത്തെ അവധി ആഘോഷിക്കാൻ പ്രവാസികൾക്കും സ്വദേശികൾക്കും അവസരമൊരുങ്ങും.
അവധിക്ക് ശേഷം ഡിസംബർ 3 ബുധനാഴ്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും. നീണ്ട അവധി ലഭിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വിമാനടിക്കറ്റ് നിരക്കുകളിലും വർധനവുണ്ടായേക്കാം.









