യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് ഐഡൻറിറ്റി പരിശോധനക്കുമായി രാജ്യത്തെ കര, കടൽ, വ്യോമ കവാടങ്ങളിൽ ‘സ്മാർട്ട് പാസ്’ ഉടൻ ആരംഭിക്കുമെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ വ്യക്തമാക്കി. റിയാദിൽ നടന്ന ‘ഡിജിറ്റൽ ഗവൺമെന്റ് 2025’ഫോറത്തിലാണ് വെളിപ്പെടുത്തൽ. ക്യാമറകൾക്ക് ഒരേസമയം 35 ആളുകളുടെ ഐഡൻറിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർമാരെ സമീപിക്കാതെ തന്നെ യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും.
നിയമലംഘകരായ വിദേശികളുടെ നാടുകടത്തുന്നതിന് ‘സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം’ എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്ന് അൽ മുറബ്ബ വ്യക്തമാക്കി. സുരക്ഷാ, സാങ്കേതിക, പ്രവർത്തന വശങ്ങൾ അന്തിമമാക്കിയാലുടൻ പ്ലാറ്റ്‌ഫോം ആരംഭിക്കും. നിയമലംഘകർക്കും തങ്ങളുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാൻ എളുപ്പമാകും. ടെർമിനലുകളിലെ ആളുകളുടെ ചലനത്തെക്കുറിച്ചുള്ള കാഴ്ചകൾ നൽകുന്നതിനും പാസ്‌പോർട്ട് കൗണ്ടറിൽ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കണക്കാക്കുന്നതിനും സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തി നിരീക്ഷിക്കുന്നതിനുമുള്ള ‘ഡിജിറ്റൽ ട്വിന്നിങ്’ എന്ന പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും അൽമുറബ്ബ വിശദീകരിച്ചു.









