ലബുബു കളിപ്പാട്ട വിൽപ്പന നിരോധിച്ച് കുവൈത്ത്. ‘ലബുബു’ ബ്രാൻഡിൻറെ TOY3378 മോഡൽ കളിപ്പാട്ടമാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വിപണിയിൽ നിന്ന് നിരോധിച്ചത്. കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടാകാൻ സാധ്യതയുള്ള നിർമ്മാണ തകരാറുകളാണ് കളിപ്പാട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും കമ്പനിയുമായി ബന്ധപ്പെട്ട് അത് തിരികെ നൽകാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്യുന്നതിനോ സംശയങ്ങൾക്കോ, ഉപഭോക്താക്കൾ അധികൃതരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിൻറെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് പോരാൻ സാധ്യതയുണ്ടെന്നും ഇതാണ് അപകട സാധ്യതക്ക് കാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് കുവൈത്തിലെ എല്ലാ കടകൾക്കും സ്റ്റോക്കിൽ നിന്ന് ഈ ഉൽപ്പന്നം നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലാബുബു കളിപ്പാട്ടങ്ങൾ നിരവധി കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.









