മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വർഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ബഹ്റൈനിൽ നടന്ന ഗൾഫ് ഗേറ്റ്വേ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിച്ചപ്പോഴാണ് ടൂറിസം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങൾ ടൂറിസം മേഖലയിൽ ചരിത്രപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗൾഫ് സംസ്കാരം, വികസിത അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം നാല് പ്രധാന ഗൾഫ് വിമാനക്കമ്പനികൾ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതിൽ ഏഴ് കോടി പേർ മാത്രമാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയും ലക്ഷ്യസ്ഥാനങ്ങളുടെ സംയോജനവും വർധിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണിത്. സൗദിയുടെ വിഷൻ 2030 ടൂറിസം, വിനോദം, സംസ്കാരം എന്നിവയ്ക്ക് വിപുലമായ അവസരങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.









