ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) എമിറേറ്റ്സ് ടെർമിനൽ 3 വഴി യാത്ര ചെയ്യുന്നവർക്ക് ഇനി പാസ്പോർട്ടോ, ബോർഡിംഗ് പാസ്സോ, ഫോണോ എടുക്കാതെ തടസ്സമില്ലാത്ത യാത്രാനുഭവം. ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ ഇനി ക്യൂ നിന്ന് സമയം കളയേണ്ട. അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) സംവിധാനം സജ്ജമാക്കിയതോടെയാണ് എമിറേറ്റ്സ് യാത്രക്കാർക്ക് ഈ വലിയ സൗകര്യം ലഭ്യമാകുന്നത്.
200-ൽ അധികം ബയോമെട്രിക് ക്യാമറകൾ
ടെർമിനൽ മൂന്നിലുടനീളം 200-ൽ അധികം ബയോമെട്രിക് ക്യാമറകളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമായി എമിറേറ്റ്സ് വകയിരുത്തിയ 8.5 കോടി ദിർഹം നിക്ഷേപത്തിന്റെ ഭാഗമാണിത്.
ക്യാമറ നോക്കേണ്ട താമസം, രജിസ്റ്റർ ചെയ്ത യാത്രക്കാരെ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവയിലൂടെ നിമിഷങ്ങൾക്കകം കടന്നുപോകാൻ പുതിയ സംവിധാനം അനുവദിക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനർ അഫയേഴ്സ് ദുബൈ (GDRFA) ആണ് ഈ നൂതന സംവിധാനം വികസിപ്പിച്ചത്.
പ്രധാന സവിശേഷത: ഒരു മീറ്റർ അകലെ നിന്ന് പോലും യാത്രക്കാരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. രേഖകൾ കാണിക്കാതെ തന്നെ മുന്നോട്ട് പോകാൻ ഇത് സഹായകമാകും.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
യുഎഇ നിവാസിയോ സന്ദർശകനോ ആകട്ടെ, എല്ലാ എമിറേറ്റ്സ് ഉപഭോക്താക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എമിറേറ്റ്സ് ആപ്പ് വഴിയോ, സെൽഫ്-സർവീസ് കിയോസ്ക്ക് വഴിയോ, ചെക്ക്-ഇൻ കൗണ്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ നടപടികൾ:
സൈൻ അപ്പ് ചെയ്യുക: എമിറേറ്റ്സ് ആപ്പിലോ ചെക്ക്-ഇൻ കൗണ്ടറുകളിലോ സൈൻ അപ്പ് ചെയ്യുക.
സ്കൈവാർഡ്സ് അംഗത്വം: യാത്രക്കാർ എമിറേറ്റ്സ് സ്കൈവാർഡ്സ് അംഗങ്ങൾ ആയിരിക്കണം.
ബയോമെട്രിക് സമ്മതം: പാസ്പോർട്ട് സ്കാൻ ചെയ്യുകയും ബയോമെട്രിക് ഉപയോഗത്തിന് സമ്മതം നൽകുകയും വേണം.
പ്രായപരിധി: 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
ഒരിക്കൽ രജിസ്റ്റർ ചെയ്താൽ, ദുബായിൽ നിന്ന് യാത്ര ചെയ്യുമ്പോഴോ, ദുബായ് വിമാനത്താവളം വഴി ട്രാൻസിറ്റ് ചെയ്യുമ്പോഴോ പ്രത്യേക ബയോമെട്രിക് പാതകൾ ഉപയോഗിക്കാൻ സാധിക്കും. ഫ്ളൈറ്റ് ട്രാൻസ്ഫറുകൾക്കും ഈ സൗകര്യം ഉടൻ ലഭ്യമാകും.
യാത്രയുടെ ഓരോ ഘട്ടത്തിലും ബയോമെട്രിക്ചെ ക്ക്-ഇൻ: കിയോസ്ക്കുകളിൽ രേഖകൾക്ക് പകരം മുഖം തിരിച്ചറിയൽ സൗകര്യം ഉപയോഗിക്കാം.
ഇമിഗ്രേഷൻ: ടെർമിനൽ 3-ലെ GDRFA സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. യുഎഇ പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ, ബയോമെട്രിക് പാസ്പോർട്ടുള്ള വിസ-ഓൺ-അറൈവൽ സന്ദർശകർ എന്നിവർ യോഗ്യരാണ്.
ലോഞ്ച് പ്രവേശനം: യോഗ്യരായ യാത്രക്കാർക്ക് കോൺകോഴ്സ് ബി-യിലെ എമിറേറ്റ്സ് ലോഞ്ചുകളിലെ അഞ്ച് ഗേറ്റുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി പ്രവേശിക്കാം.
ബോർഡിംഗ്: കോൺകോഴ്സ് എ, ബി, സി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിപ്പാർച്ചർ ഗേറ്റുകളിൽ ബയോമെട്രിക് ബോർഡിംഗ് അനുവദിക്കും. ബോർഡിംഗ് പാസ് കാണിക്കേണ്ട ആവശ്യമില്ല.
പുതിയ യാത്രാ സംവിധാനം ദുബായിലെ എമിറേറ്റ്സ് യാത്രകൾക്ക് ഒരു പുതിയ മാനം നൽകുമെന്നതിൽ സംശയമില്ല.









