അബുദാബി: വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് പൂർണ്ണമായി മറയ്ക്കുംവിധം സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കയറ്റി കൊണ്ടുപോകുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
വാഹനങ്ങളുടെ പിൻഭാഗത്ത് ബൈസിക്കിൾ റാക്കുകൾ സ്ഥാപിക്കുമ്പോൾ യഥാർഥ നമ്പർ പ്ലേറ്റ് മറയാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമനടപടികൾ ഒഴിവാക്കാൻ ഡ്രൈവർമാർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പിഴ ഒഴിവാക്കാൻ ചെയ്യേണ്ടത്:
വാഹനത്തിൻ്റെ യഥാർഥ നമ്പർ പ്ലേറ്റ് മറയുകയാണെങ്കിൽ, താൽക്കാലികമായി ഒരു അധിക നമ്പർ പ്ലേറ്റ് (Additional/Temporary Number Plate) പുറത്ത് കാണാവുന്ന സ്ഥാനത്ത് സ്ഥാപിക്കണം.
അധിക നമ്പർ പ്ലേറ്റ് ലഭിക്കാൻ:
- അപേക്ഷ: ബൈസിക്കിൾ റാക്കിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനായി ആർടിഎയുടെ (RTA) വെബ്സൈറ്റ് വഴി അപേക്ഷ നൽകണം.
- ഫീസ്: അധിക നമ്പർ പ്ലേറ്റിനായി 35 ദിർഹമാണ് ഫീസ് ഈടാക്കുന്നത്.
- ലഭ്യത: അബുദാബിയിലെ ഏത് പൊലീസ് സ്റ്റേഷൻ സർവീസ് സെന്ററിൽ നിന്നും അധിക നമ്പർ പ്ലേറ്റ് വാങ്ങാവുന്നതാണ്.
- നടപടിക്രമം: ഇതിനായി ഡ്രൈവർമാർ സാങ്കേതിക പരിശോധനയ്ക്ക് വിധേയരാവുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്താൽ താൽക്കാലിക നമ്പർ പ്ലേറ്റ് ലഭിക്കും.
വാഹനമോടിക്കുന്നവർ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അബുദാബി പൊലീസ് ഓർമിപ്പിച്ചു.









