കുവൈത്ത് സിറ്റി: ലഹരിമരുന്ന് ഇടപാടുകാർക്ക് വധശിക്ഷയും കനത്ത പിഴയും നിർദേശിക്കുന്ന പുതിയ നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ലഹരിവ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടിന്റെ ഭാഗമായാണ് നിയമത്തിൽ സമൂലമായ ഭേദഗതികൾ വരുത്തിയത്. പുതിയ നിയമമനുസരിച്ച്, ലഹരിമരുന്ന് കടത്തുകാർക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥയുണ്ട്. ഇതിനുപുറമെ, ഒരു ലക്ഷം കുവൈത്ത് ദിനാർ മുതൽ 20 ലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 5.4 കോടി ഇന്ത്യൻ രൂപയോളം) വരെ പിഴ ഈടാക്കാനും നിയമം അധികാരം നൽകുന്നു. ലഹരി ഉൽപ്പന്നങ്ങളുടെ വിതരണക്കാർക്കും ഇടനിലക്കാർക്കും ഈ സമാനമായ ശിക്ഷാ നടപടികൾ ബാധകമാകും. ജസ്റ്റിസ് മുഹമ്മദ് അൽ ദുവൈജിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ സമിതിയാണ് നിയമത്തിന്റെ പുതിയ കരട് തയ്യാറാക്കിയത്. ലഹരിയുടെ വ്യാപനവും ഉപയോഗവും തടയുന്നതിനായി ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഇതുപ്രകാരം, ചെറിയ ലഹരിമരുന്ന് കേസുകളിൽ പോലും മുമ്പത്തേക്കാൾ വലിയ ശിക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ട്. ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്തിടെ വർദ്ധിച്ചുവരുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കർശനമായ ഈ നടപടികൾ വഴി ലഹരി ഇടപാടുകൾക്ക് ഫലപ്രദമായി തടയിടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.









