ജിദ്ദ: വിരലുകൾ സ്പർശിക്കാതെ ഇനി വെറും ശബ്ദം കൊണ്ടു പ്രവർത്തക്കുന്ന കംപ്യൂട്ടറുകളുമായി സൗദി കമ്പനി. ഈ പുതിയ പരീക്ഷണത്തിന് നേതൃത്വം നൽകിയത് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിച്ച എഐ കമ്പനിയായ ഹ്യൂമൈൻ ആണ്. ഈ ആഴ്ച വോയ്സ് കമാൻഡഡ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കംപ്യൂട്ടറുകളിലെ ഐക്കണുകൾക്കു പകരം വോയ്‌സ് നൽകിയാൽ ആവശ്യമുള്ള ആപ്ലിക്കേഷൻ പ്രവർത്തക്കുമെന്ന് കമ്പനി സിഇഒ താരിഖ് അമീൻ റിയാദിൽ നടന്ന ഫോർച്യൂൺ ഫോറത്തിൽ വ്യക്തമാക്കി. പേ റോളിലും എച്ച്ആർ വിഭാഗത്തിലും പുതിയ സിസ്റ്റം നിലവിൽ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ കഴിഞ്ഞ മെയ് മാസത്തിലാണ് ‘ഹ്യൂമൈൻ’ പ്രവർത്തനം ആരംഭിച്ചത്. ഡേറ്റ സെന്ററുകൾ, ക്ലൗഡ് കംപ്യൂട്ടിങ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, എഐ മോഡലുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ എഐ സേവനങ്ങളും ഉൽപ്പന്നങ്ങളും കമ്പനി ലഭ്യമാക്കുന്നു.









