റിയാദ് : റിയാദിൽ സൗദി പൊതുഗാഗത അതോറിറ്റി ആരംഭിച്ച സ്വയം ഓടുന്ന വാഹന സർവീസിന് തുടക്കത്തിൽ തന്നെ വൻ ജനസ്വീകാര്യത. സർവീസ് തുടങ്ങിയതു മുതൽ ഇതുവരെ ആയിരത്തിലധികം യാത്രക്കാർ ഈ സേവനത്തിന്റെ ഭാഗമായതായി അധികൃതർ വ്യക്തമാക്കി. പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി, സാങ്കേതിക, ഓപ്പറേഷണൽ പങ്കാളികളായ ഊബർ, വീറൈഡ് എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ റിയാദിലെ റോഷൻ വാട്ടർഫ്രണ്ട്, പ്രിൻസസ് നൂറ ബിൻത് അബ്ദുൾ റഹ്‌മാൻ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ നിശ്ചിത റൂട്ടുകളിൽ ഈ സേവനം ലഭ്യമാണ്. ഊബർ ആപ്പ് വഴി ഈ ഡ്രൈവറില്ലാ വാഹനങ്ങൾ ബുക്ക് ചെയ്യാം. സൗദി വിഷൻ 2030, ദേശീയ ഗതാഗത-ലോജിസ്റ്റിക്‌സ് സേവന തന്ത്രം എന്നിവയുടെ ഭാഗമായി സ്മാർട്ട്, സുസ്ഥിര ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയമപരവും സാങ്കേതികവുമായ മേൽനോട്ടത്തിലാണ് സർവീസ് പ്രവർത്തിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇവർ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യും. ഈ വർഷം അവസാനത്തോടെ റിയാദിലെ പ്രധാനപ്പെട്ട സ്ഥലങ്ങലിൽ സർവീസുകൾ ആരംഭിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്.









