റിയാദ്: സൗദി അറേബ്യയിൽ അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം. അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാർ ഉള്ള സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികൾ സൗദി സ്വദേശികൾക്ക് മാത്രമായി മാറ്റി വയ്ക്കുക എന്നതാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2026 ഒക്ടോബർ 27ന് ഇത് നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ 50 ശതമാനം ആയി സ്വദേശിവൽക്കരണ തോത് വർദ്ധിക്കുകയും, മൂന്നാം ഘട്ടം 60 ശതമാനം ആയി ഉയരുകയും ചെയ്യും. നാലാം ഘട്ടത്തിൽ ഈ വളർച്ച 70 ശതമാനം ആക്കുകയും, ഇത് 2028 ഒക്ടോബർ 27 ന് നടപ്പിലാക്കുകയും ചെയ്യും. മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30 ശതമാനം സൗദി സ്വദേശികൾക്കായി സംവരണം ചെയ്യുന്നതിനാണ് അഞ്ചാം ഘട്ടം ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് പ്രൊഫഷനുകളിൽ സൗദി സ്വദേശികളുടെ സാന്നിധ്യം ഉയർത്തുന്നതോടൊപ്പം, സാമ്പത്തിക വ്യവസ്ഥയിൽ പുരുഷ-സ്ത്രീ പൗരന്മാരുടെ സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.









