യുഎഇയില്‍ പല ഭാഗങ്ങളിലും ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ ഞായറാഴ്ച മഴ ലഭിച്ചു. റാസൽഖൈമയിൽ അല്‍ഗൈല്‍, അദന്‍, ഹംറാനിയ, വിമാനത്താവള പരിസരം തുടങ്ങി സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണിയോടെ മഴ പെയ്തു. ശക്തമായ മഴ പെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥ കേന്ദ്രം സാമൂഹിക മാധ്യമ പ്ലാറ്റ്‍ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ശനിയാഴ്ച ഫുജൈറയില്‍ പെയ്ത കനത്ത മഴയില്‍ എമിറേറ്റിലെ മലയോര മേഖലകളില്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. അല്‍ ഐനില്‍ റോഡില്‍ വെള്ളം കയറി. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത പ്രവചിക്കുന്നുണ്ട്. പൊതുവെ നേരിയതോ മിതമായതോ ആയ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില നേരങ്ങളിൽ കാറ്റ് ശക്തമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.