റിയാദ്: സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകവും ദേശീയ സത്തയും പ്രതിഫലിക്കുന്ന 19 തരം പരമ്പരാഗത വാസ്തുവിദ്യാ ശൈലികൾ സർക്കാർ പദ്ധതികളിലും വാണിജ്യ കെട്ടിട നിർമാണത്തിലും നടപ്പിലാക്കുന്ന ‘സൗദി ആർക്കിടെക്ചർ മാപ്പി’ന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. സുപ്രീം കമ്മിറ്റി ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പദ്ധതിയാണിത്.
വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പാരമ്പര്യവുമായി യോജിക്കുന്ന ഈ 19 ഡിസൈനുകൾ തലമുറകളായി കൈമാറി വരുന്ന പരമ്പരാഗത പൗരാണിക കെട്ടിട മാതൃകകളെ അടയാളപ്പെടുത്തുന്നതാണ്. നജ്ദി, വടക്കൻ നജ്ദി, തീരദേശ ഹിജാസി, സരാവത്ത് പർവതനിരകൾ, നജ്‌റാൻ, അൽഹസ മരുപ്പച്ച, കിഴക്കൻ തീരം എന്നിവ ഉൾപ്പെടെയുള്ള ശൈലികൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടം ഏഴ് നഗരങ്ങളിൽ
രണ്ടാം ഘട്ടത്തിൽ, ദമാം, അൽഖോബാർ, ഖത്വീഫ്, ഹായിൽ, അൽബഹ, മദീന, നജ്‌റാൻ എന്നീ ഏഴ് നഗരങ്ങളിലാണ് സൗദി വാസ്തുവിദ്യാ നിർമാണ ശൈലി പ്രാബല്യത്തിലായത്. അബഹ, തായിഫ്, അൽഹസ എന്നിവിടങ്ങളിൽ ഈ ശൈലിയുടെ ആദ്യ ഘട്ടം നേരത്തെ തുടങ്ങിയിരുന്നു.
സൗദി ദേശീയ വാസ്തുവിദ്യാ രൂപശൈലി ശക്തമാക്കുക, ജീവിത നിലവാരം ഉയർത്തുക, നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വിഷൻ 2030 ലക്ഷ്യങ്ങൾ
വിവിധ നഗരങ്ങളുടെ വികസന അതോറിറ്റികൾ, ബന്ധപ്പെട്ട കാര്യാലയങ്ങൾ, പ്രാദേശിക മുനിസിപ്പാലിറ്റികൾ എന്നിവയുടെ കീഴിൽ ഈ പാരമ്പര്യ ശൈലി രൂപകൽപ്പനകൾക്കായി പ്രത്യേക ഡിസൈൻ സ്റ്റുഡിയോകൾ സ്ഥാപിച്ചു പ്രവർത്തിക്കുന്നുണ്ട്.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, നഗര പൈതൃകം ആഘോഷിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഈ പദ്ധതിയിലൂടെ 2030 ആകുമ്പോഴേക്കും എഞ്ചിനീയറിങ്, നിർമ്മാണ മേഖലകളിൽ 34,000ത്തിലധികം തൊഴിലവസരങ്ങൾ നൽകുന്നതിന് പുറമെ, സൗദി വാസ്തുവിദ്യ രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് 8 ബില്യൻ റിയാലിലധികം സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.