റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 18,673 വിദേശികൾ ഒരാഴ്ചക്കിടെ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ഇത്രയധികം നിയമലംഘകരെ പിടികൂടിയത്.
നിയമം ലംഘിച്ചവരിൽ 10,673 പേർ താമസ കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തവരാണ്. 4,178 പേർ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടും, 3,822 പേർ അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായി.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അറസ്റ്റിലായവരിൽ 11,544 പേരെ ഇതിനോടകം നാടുകടത്തി. കൂടാതെ, നിലവിൽ കസ്റ്റഡിയിലുള്ള 25,478 പേരുടെ യാത്രാരേഖകൾ നിയമപരമാക്കുന്നതിനായി അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളോട് സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമലംഘകർക്ക് അഭയമോ ജോലിയോ യാത്രാസൗകര്യമോ ഒരുക്കി സഹായം ചെയ്യുന്നവർക്ക് സൗദി അറേബ്യ കനത്ത ശിക്ഷയാണ് നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. നിയമലംഘകരെ സഹായിക്കുന്നതിൽ നിന്ന് പൗരന്മാരും വിദേശികളും വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.