സൗദി അറേബ്യൻ എയർലൈൻസായ ‘സൗദിയ’യും രാജ്യത്തെ പ്രമുഖ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ ‘സൗദി ഗ്രൗണ്ട് സർവീസസ് കമ്പനി’യും സംയുക്തമായി യാത്രക്കാർക്ക് താമസസ്ഥലത്തുനിന്നുതന്നെ ചെക്ക് ഇൻ ചെയ്യുന്നതിനും ബാഗേജുകൾ കൈപ്പറ്റുന്നതിനും സാധിക്കുന്ന വിപുലമായ സേവനം ആരംഭിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. ഇരു കക്ഷികളും തിങ്കളാഴ്ച ഒപ്പുവെച്ച കരാർ പ്രകാരം, യാത്രക്കാർക്ക് അവരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ എത്തി ബോർഡിങ് പാസ് നൽകുകയും ബാഗേജുകൾ ശേഖരിക്കുകയും ചെയ്യുന്ന സേവനം ലഭിക്കും. സൗദിയയുടെ കൊമേഴ്സ്യൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അർവിഡ് മുഹ്‌ലിൻ, സൗദി ഗ്രൗണ്ട് സർവീസസ് സിഇഒ മുഹമ്മദ് മാസി എന്നിവരാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം നാലാം പാദത്തിലാണ് പുതിയ സേവനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കും ജിദ്ദയിലേക്ക് എത്തിച്ചേരുന്നവർക്കും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. താമസസ്ഥലത്തുനിന്ന് ബാഗേജ് ശേഖരിക്കുന്നതിനും, ബോർഡിങ് പാസ് വിതരണം ചെയ്യുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഈ സേവനം ഒരുമിച്ച് ആവശ്യപ്പെടുന്നതിനും സൗകര്യമുണ്ട്. ഇത് യാത്രക്കാരുടെ സമയവും പ്രയത്നവും ലാഭിക്കും. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാകും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനും ആറ് മണിക്കൂറിനും ഇടയിലുള്ള സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. യാത്രക്കാർക്ക് വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി തത്സമയം അറിയാൻ കഴിയും. സേവനത്തിന്റെ ഓരോ ഘട്ടത്തിലും ഇമെയിൽ വഴിയുള്ള അറിയിപ്പുകളും ലഭിക്കും.









