ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ നിയമങ്ങൾ ഒക്ടോബര് 1 മുതൽ പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഈ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
പുതിയ നിയമപ്രകാരം, നിശ്ചിത മാനദണ്ഡം പാലിക്കുന്ന ഒരു പവർ ബാങ്ക് മാത്രമേ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ.
പ്രധാന നിർദേശങ്ങൾ:
- ശേഷി പരിധി: 100 വാട്ട് മണിക്കൂറിൽ (Wh) താഴെയുള്ള ശേഷിയുള്ള പവർ ബാങ്കുകൾക്ക് മാത്രമേ കൈവശം വെക്കാൻ അനുമതിയുള്ളൂ.
- ചെക്ക് ഇൻ ബാഗേജ് നിരോധനം: ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്കുകൾ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
- ഉപയോഗ നിയന്ത്രണം: വിമാന യാത്രയ്ക്കിടയിൽ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല.
- ചാർജ്ജിംഗ് നിരോധനം: വിമാനത്തിലെ വൈദ്യുതി സംവിധാനം ഉപയോഗിച്ച് പവർ ബാങ്ക് ചാർജ്ജ് ചെയ്യാനും അനുമതിയില്ല.
- സൂക്ഷിക്കേണ്ട സ്ഥലം: പവർ ബാങ്കുകൾ സീറ്റിന് മുന്നിലുള്ള പോക്കറ്റിലോ സീറ്റിനടിയിലെ ബാഗിലോ ആണ് സൂക്ഷിക്കേണ്ടത്.
യാത്രയ്ക്ക് മുൻപ് ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും മതിയായ ചാർജുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തേണ്ടതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ യാത്രക്കാരും സഹകരിക്കണമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.









