റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി. ഈ തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി. രംഗത്തെത്തി.
ഒക്ടോബർ അവസാനവാരം നിലവിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 75-ഓളം സർവീസുകളാണ് റദ്ദാക്കാൻ ഒരുങ്ങുന്നത്. ഗൾഫ് പ്രവാസികൾ ഏറ്റവും അധികം ആശ്രയിക്കുന്ന കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിൽ നിന്ന് മാത്രം 25 സർവീസുകൾ വെട്ടിക്കുറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് തിരിച്ചടി
കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് പ്രവാസികൾക്ക് വലിയ യാത്രാദുരിതം സമ്മാനിക്കുമെന്ന് സൗദി കെ.എം.സി.സി. നേതാക്കൾ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പ്രവാസികളെ ഈ നീക്കം ഗുരുതരമായി ബാധിക്കും. സർവീസുകൾ റദ്ദാക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിക്കുന്നതിനും യാത്രാക്ലേശം വർധിക്കുന്നതിനും ഇത് വഴിവെക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത കെ.എം.സി.സി. നേതാക്കൾ മാതൃസംഘടനയായ മുസ്ലിംലീഗ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര ഇടപെടൽ തേടി സന്ദേശമയക്കും
പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് എന്നിവർക്ക് അടിയന്തര സന്ദേശം അയക്കുമെന്നും കെ.എം.സി.സി. നേതാക്കൾ അറിയിച്ചു.
പ്രധാന രക്ഷാധികാരി കെ. പി മുഹമ്മദ്‌കുട്ടി, പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവരാണ് പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.









