തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ നീക്കം. ഒക്ടോബർ 26 മുതൽ പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കപ്പെടുമെന്നാണ് വിവരം. ഇതോടെ ഗൾഫ് യാത്രക്കാരെയും അതുവഴി യൂറോപ്പ്, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
ബെംഗളൂരു കേന്ദ്രമാക്കി സർവീസുകൾ വർധിപ്പിക്കാനും മറ്റ് വിമാനത്താവളങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനുമാണ് കേരളത്തിൽ നിന്നുള്ള സർവീസുകൾ കുറയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണ നിരക്കിൽ യാത്ര ചെയ്യാൻ ഭൂരിഭാഗം മലയാളികളും ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. സർവീസുകൾ കുറയുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിക്കാനുള്ള സാധ്യതയുമുണ്ട്. ഈ വിവരം കേരളത്തിലെ ജനങ്ങൾക്കും ഗൾഫിലെ പ്രവാസി മലയാളി സമൂഹത്തിനും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയേക്കും. മസ്കത്ത്, ദോഹ, ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും.
സർവീസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരള പ്രതിനിധികൾ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. വിമാന സർവീസുകൾ നിരീക്ഷിക്കുന്ന അനലിസ്റ്റുകളിൽ നിന്നാണ് നിലവിലെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.









