കരിപ്പൂർ: ഹജ് വിമാന സർവീസുകൾ തീരുമാനിക്കാനുള്ള ടെൻഡറുകൾ തുറന്നപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള യാത്രാനിരക്ക് കുറയുമെന്നു പ്രതീക്ഷ. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആകാശ എയർ, കൊച്ചിയിൽ ഫ്ലൈ നാസ്, കണ്ണൂരിൽനിന്ന് ഫ്ലൈ ഡീൽ എന്നിവയ്ക്കാണു ടെൻഡർ ലഭിച്ചിരിക്കുന്നത്. ടെൻഡർ നടപടികളിൽ താൽക്കാലിക പ്രഖ്യാപനമാണു നടന്നത്. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. കേരളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ വിമാനക്കമ്പനികൾ നൽകിയ ക്വട്ടേഷൻ നിരക്ക് ഇങ്ങനെ: കോഴിക്കോട് (1210 ഡോളർ –ഏകദേശം 1,05,270 രൂപ) കൊച്ചി (989–ഏകദേശം 86,043 രൂപ) ഡോളർ), കണ്ണൂരിൽ (1012 ഡോളർ–ഏകദേശം 88,044രൂപ) എന്നിങ്ങനെയാണു നിരക്ക്. ആകാശ എയർ ആദ്യമായാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ് സർവീസ് നടത്തുന്നത്. കഴിഞ്ഞ രണ്ടുതവണയും എയർ ഇന്ത്യ എക്സ്പ്രസിനാണു കോഴിക്കോട് നിന്നുള്ള ഹജ് സർവീസിന് ടെൻഡർ ലഭിച്ചത്.








