ദുബായ്: “ഭാവിയിലെ വികസനത്തിനല്ല, ഭാവി തന്നെ രൂപപ്പെടുത്താൻ” എന്ന മുദ്രാവാക്യമുയർത്തി ദുബായിൽ നടന്ന രാജ്യാന്തര സെൽഫ് ഡ്രൈവിങ് വാഹന സമ്മേളനം തിരശ്ശീല വീണു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിച്ച ഈ സമ്മേളനം, നാളത്തെ ഗതാഗത മേഖലയെ നിയന്ത്രിക്കാൻ പോകുന്ന ഡ്രൈവറില്ലാ വാഹനങ്ങളുടെയും നിർമിത ബുദ്ധിയുടെയും (എഐ) സാധ്യതകളാണ് പരിചയപ്പെടുത്തിയത്.
ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ചൈനീസ് ആധിപത്യം
റോഡരികിലെ പൊടി അടിച്ചുവാരുന്ന വാഹനങ്ങൾ മുതൽ കാറുകൾ, ബസുകൾ, ഡെലിവറി വാഹനങ്ങൾ, ജലഗതാഗതത്തിനുള്ള ബോട്ടുകൾ വരെ സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പ്രദർശനത്തിൽ അണിനിരന്നു. ചൈനീസ് കമ്പനികളുടെ ശക്തമായ സാന്നിധ്യമാണ് ഈ മേഖലയിൽ സമ്മേളനത്തിൽ ഉടനീളം ശ്രദ്ധേയമായത്.
സമ്മേളനത്തിന്റെ സമാപനത്തിൽ, സെൻസറുകൾ, സുസജ്ജമായ ഇന്റർനെറ്റ് ശൃംഖല, വിവര വിശകലനം എന്നിവ ശക്തമാക്കുന്നതിലുള്ള മൽസരം കമ്പനികൾക്കിടയിൽ വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഏത് സാങ്കേതിക സൗകര്യവും വാഹനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും പ്രാധാന്യം നൽകണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഡ്രൈവറില്ലാ പരീക്ഷണ ഓട്ടത്തിന് പ്രത്യേക സോൺ
ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങൾക്കായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും ക്രീക്ക് ഹാർബറിലുമായി ‘ദുബായ് ഓട്ടോണമസ് ട്രാൻസ്പോർട്ട് സോൺ’ സ്ഥാപിക്കും. ഇത് സംബന്ധിച്ച് ദുബായ് ആർടിഎയും ഇമാറും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ആർടിഎ ഏർപ്പെടുത്തിയ ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതിക വിദ്യാ വികസനത്തിലെ മികച്ച പദ്ധതികൾക്കുള്ള അവാർഡുകൾ ചൈനീസ് സ്ഥാപനമായ വീ റൈഡ് – ഡ്യൂഷ് ബാൻ കൺസോർഷ്യവും സെലോസ് ടെക്നോളജിയും പങ്കിട്ടെടുത്തു. ഈ കമ്പനികളുമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യാ വികസനത്തിനായി ആർടിഎ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.
ഊർജ്ജ മേഖലയും സ്മാർട്ട് ആകുന്നു
വാഹനം മാത്രമല്ല, ഊർജ സ്രോതസ്സും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യത്തിലാണ് ദുബായ് മുന്നോട്ട് പോകുന്നത്. 2030 ആകുമ്പോഴേക്കും ദുബായിലെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ – സ്മാർട്ട് വാഹനങ്ങളിലായിരിക്കും.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാനേജിങ് ഡയറക്ടർ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞത്, ഈ വർഷം ആദ്യ പകുതിയിൽ മാത്രം വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങിനുവേണ്ടി 42,000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി എന്നാണ്. ഇ-വാഹനങ്ങളുടെ എണ്ണം 14-ൽ നിന്ന് 19,000-ലേക്ക് വർദ്ധിച്ചു. ഇത് നാലാം വ്യവസായ വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ദുബായുടെ ദൃഢനിശ്ചയത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ ഗതാഗതം
അന്തരീക്ഷ മലിനീകരണമില്ലാത്ത ഊർജ്ജം, പുത്തൻ സാങ്കേതിക സൗകര്യങ്ങൾ, നിർമിത ബുദ്ധി എന്നിവയുടെ സംയോജനമാണ് ഭാവി ഗതാഗത മേഖലയെന്ന് സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കിന് ദുബായ് തുടക്കമിട്ടതായും 2050-ഓടെ ദുബായിലെ വൈദ്യുതി ഉത്പാദനം പൂർണമായും ശുദ്ധമായ ഊർജ്ജ സ്രോതസ്സിൽ നിന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐ ‘ഡ്രൈവർ’ സുരക്ഷ ഉറപ്പാക്കും
ഡ്രൈവറില്ലാ കാറുകളെ കുറ്റമറ്റ ടാക്സി സേവനമാക്കി മാറ്റാൻ എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 1950-കളിൽ തുടങ്ങിയ ഡ്രൈവറില്ലാ വാഹനങ്ങളുടെ ഗവേഷണത്തിന് വിമാനങ്ങളിലെ ഓട്ടോ പൈലറ്റ് സാങ്കേതിക വിദ്യയുടെ വരവോടെ 1990-കളിലാണ് കാര്യമായ പുരോഗതിയുണ്ടായത്.
ഡ്രൈവറില്ലാ വാഹനങ്ങൾ യാത്രാക്കാർക്ക് സുരക്ഷിതമായ യാത്ര മാത്രമല്ല, ഡ്രൈവർമാർക്കിടയിലെ മൽസരം, അപകടകരമായ ഡ്രൈവിങ്, മാനുഷിക പിഴവുകൾ മൂലമുള്ള വാഹനാപകടങ്ങൾ എന്നിവ ഒഴിവാക്കപ്പെടുന്ന റോഡുകളും വാഗ്ദാനം ചെയ്യുന്നു.









