ഒമാനിൽ ഇനി ഐഡി കാർഡും ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാം. സ്വദേശികളുടെയും വിദേശികളുടെയും ഐഡി കാർഡുകളുടെയും ഡ്രൈവിങ് ലൈസൻസിൻ്റെയും ഡിജിറ്റൽ പകർപ്പുകൾക്ക് നിയമപരമായ അംഗീകാരം നൽകി റോയൽ ഒമാൻ പോലീസ് ഉത്തരവിറക്കി. റോയൽ ഒമാൻ പോലീസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിജിറ്റൽ രേഖകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാം.
ഡിജിറ്റൽ രേഖകൾക്ക് ഫിസിക്കൽ കാർഡിൻ്റെ അതേ നിയമപരമായ സാധുതയുണ്ടെന്ന് റോയൽ ഒമാൻ പോലീസിലെ ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്ട് മാനേജർ ഫസ്റ്റ് ലെഫ്റ്റനന്റ് സലേം ബിൻ സയീദ് അൽ-ഫാർസി അറിയിച്ചു. ഔദ്യോഗിക കാര്യങ്ങൾക്കും പോലീസ് പരിശോധനകൾക്കും ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം ഒമാന്റെ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. പുതിയ പ്രഖ്യാപനത്തോടെ രേഖകൾക്കായി ഇനി സേവന കേന്ദ്രങ്ങളിൽ പോകേണ്ട ആവശ്യം ഇല്ലാതാകുമെന്നും കരുതുന്നു.









