മസ്‌കറ്റ്: പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ട് അവരുടെ സമ്മതമില്ലാതെ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാനിലെ ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) അറിയിച്ചു. പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെയാണിത്.
പുതിയ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 6 അനുസരിച്ച്, ഒരു തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്‌പോർട്ടോ മറ്റ് സ്വകാര്യ രേഖകളോ തൊഴിലുടമ സൂക്ഷിക്കാൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും.
പാസ്‌പോർട്ട് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയായതിനാൽ അത് ഉടമയുടെ കൈവശം തന്നെ സൂക്ഷിക്കണമെന്നും GFOW വ്യക്തമാക്കി. സമ്മതമില്ലാതെ പാസ്‌പോർട്ട് കൈവശം വെച്ചിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കാൻ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. പാസ്‌പോർട്ട് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒരു ജീവനക്കാരനെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. നിലവിൽ തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശമുള്ള തൊഴിലുടമകൾ അവ ഉടൻ തിരികെ നൽകണമെന്നും GFOW നിർദ്ദേശിച്ചു.









