ഒമാനിൽ “ലബുബു” കളിപ്പാട്ടം നിരോധിച്ചിട്ടുണ്ടെന്ന സോഷ്യൽ മീഡിയ അവകാശവാദങ്ങൾ തെറ്റാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സിപിഎയും മസ്‌കത്ത് മുനിസിപ്പാലിറ്റിയും കളിപ്പാട്ടം നിരോധിച്ചതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ലബുബുവിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും അതേസമയം, “കുറോമി” എന്നറിയപ്പെടുന്ന ഒരു പാവ, തലയോട്ടിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 347 കുട്ടികളുടെ കളിപ്പാട്ടങ്ങളും, സ്കൂൾ സാധനങ്ങളും പരിശോധനാ സംഘങ്ങൾ പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു. മതപരമായ മൂല്യങ്ങൾ, ധാർമികത, എന്നിവ വ്രണപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കുന്ന എക്സിക്യൂട്ടീവ് റെഗുലേഷൻ നമ്പർ 77/2017 ലെ ആർട്ടിക്കിൾ 26 ലംഘിച്ചതിനാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഔട്ട്ലെറ്റുകൾക്കെതിരെ നിയമനടപടിയും അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.







