അടുത്ത വർഷത്തേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സജീവമാക്കി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി മക്ക മേഖല ഡെപ്യൂട്ടി അമീറിന്റെ നേതൃത്വത്തിൽ 40 സർക്കാർ ഏജൻസികളുടെ യോഗം ഒരുക്കങ്ങൾ വിലയിരുത്തി. ഹജ്ജ് അവസാനിച്ചതു മുതൽ അടുത്ത ഹജ്ജിലേക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ നേരത്തേ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം അനധികൃത തീർഥാടനം കുറക്കാനും, തരീഖ് മക്ക പദ്ധതി വ്യാപിപ്പിക്കാനും സാധിച്ചു. മിനാ, അറഫ, മുസ്ദലിഫ പരിസരങ്ങളിൽ കൂളിംഗ് സംവിധാനം മികച്ചതാക്കി. ഭക്ഷ്യവിഷബാധയോ പകർച്ചവ്യാധികളോ ഹജ്ജിൽ റിപ്പോർട്ട് ചെയ്തില്ല. ആരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങളും ഒരുക്കി. ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി. ഏകദേശം 79 പുതിയ പദ്ധതികളാണ് കഴിഞ്ഞ വർഷം സൗദിയിൽ നടപ്പിലാക്കിയത്. 604 പദ്ധതികൾ നവീകരിക്കാനും കഴിഞ്ഞു. ഇതിന്റെ ഫലമായിരുന്നു ഹജ്ജിന്റെ മികച്ച വിജയം. ഹജ്ജിനെത്തിയ തീർഥാടകരുടെ സംതൃപ്തി സൂചിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം കൈവരിച്ചു. സംതൃപ്തി നിരക്കിൽ 91% ന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ മികച്ച ഒരുക്കങ്ങൾ ഇത്തവണ പൂർത്തിയാക്കുന്നത്.