പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ആപാർ ഐ.ഡി ആവശ്യമില്ലെന്ന് സിബിഎസ്ഇ. ഇന്ത്യയിലെ വിദ്യാർഥികൾക്ക് മാത്രമാകും ആപാർ നിർബന്ധമാവുക. ഇത് സംബന്ധിച്ച സിബിഎസ്ഇയുടെ നിർദേശം ഗൾഫിലെ സ്കൂളുകൾക്ക് ലഭിച്ചു. ആധാർകാർഡ് ഇല്ലാത്തതിനാൽ ആപാർ ഐ.ഡി തയാറാക്കാൻ കഴിയാത്ത പ്രവാസി വിദ്യാർഥികളുടെ ആശങ്ക മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥികളുടെ അക്കാദമിക രേഖകൾ 12 അക്ക ഏകീകൃത നമ്പറിന് കീഴിലാക്കുന്നതിന് ഓരോ വിദ്യാർഥികൾക്കും ആപാർ നമ്പർ തയാറാക്കാൻ ഗൾഫിലെ സ്കൂളുകൾക്കും സിബിഎസ്ഇ നിർദേശം നൽകിയിരുന്നു. ആപാർ ഐ.ഡിയിലെ വിദ്യാർഥികളുടെ പേരും മേൽവിലാസവും ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പാക്കേണ്ടത്. എന്നാൽ, ഭൂരിപക്ഷം പ്രവാസികൾക്കും ആധാർകാർഡില്ല. ഗൾഫിലെ സ്കൂളുകളിൽ ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികളും സിബിഎസ്ഇ സിലബിൽ പഠിക്കുന്നുമുണ്ട്. ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാ രജിസ്ട്രേഷന് സിബിഎസ്ഇ ആപാർ ഐ.ഡി ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു.