എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി ദുബൈയിൽ മത്സരം സംഘടിപ്പിക്കുന്നു. പത്ത് ലക്ഷം യു.എസ്. ഡോളർ അഥവാ എട്ടേമുക്കാൽ കോടി രൂപയാണ് മികച്ച എ.ഐ. സിനിമക്കുള്ള സമ്മാനത്തുക. ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള എ.ഐ. സിനിമാ അവാർഡാണിത്. അടുത്ത വർഷം ജനുവരിയിൽ ദുബൈ ഗവൺമെൻറ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റിൻറെ ഭാഗമായി ഗൂഗ്ൾ ജെമിനിയുമായി കൈകോർത്താണ് എ.ഐ സിനിമാ നിർമാണ മത്സരം ഒരുക്കുന്നത്. വൺ ബില്യൻ ഫോളോവേഴ്‌സ് സമ്മിൻറെ വേദിയിൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകൾ ഉച്ചകോടിയുടെ വേദിയിൽ പ്രദർശിപ്പിക്കും.