ഡ്രൈവിങ് പരിശീലിക്കുന്നവരുടെ പഠനപുരോഗതി വിലയിരുത്താൻ എഐ ഡിജിറ്റൽ പ്ലാറ്റ്ഫോം ഏർപ്പെടുത്തി ദുബൈ. തദ് രീബ് എന്ന പുതിയ സംവിധാനവുമായി മുഴുവൻ ഡ്രൈവിങ് സ്കൂളുകളെയും ബന്ധിപ്പിക്കും. ഇതിലൂടെ വർഷം രണ്ടു ലക്ഷം പഠിതാക്കൾക്ക് ഡ്രൈവിങ് പരിശീലനം എളുപ്പമാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയിലെ 27 ഡ്രൈവിങ് സ്കൂളുകൾ, 3,400 ഡ്രൈവിങ് പരിശീലകർ, 3000ത്തിലേറെ ഡ്രൈവിങ് പരിശീലന വാഹനങ്ങൾ എന്നിവയെ തദ് രീബ് ഡിജിറ്റൽ എഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഡ്രൈവിങ് പരിശീലിക്കുന്നവരുടെ പഠന പുരോഗതി, ലൈസൻസ് നേടാനുള്ള അവരുടെ യോഗ്യത എന്നിവ ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായാണ് പഠിതാക്കളെ തദ് രീബ് വിലയിരുത്തുക. ഡ്രൈവിങ് പരിശീലനത്തിലെ പോരായ്മകൾ വിലയിരുത്താനും പ്രത്യേകം പരിശീലനം വേണ്ട മേഖലകൾ നിർദേശിക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത് പഠനവും, ലൈസൻസിന് വേണ്ട നടപടിക്രമങ്ങളും എളുപ്പമാക്കും. ഡ്രൈവിങ് പരിശീലിക്കുന്ന ഓരോ വാഹനവും ജിയോ ട്രാക്കിങ് വഴി തദ് രീബിന്റെ നിരീക്ഷണത്തിലായിരിക്കും.