ആഗസ്റ്റ് അവസാനം വരെയായി കുവൈത്തിൽ മധ്യാഹ്ന തൊഴിൽ നിരോധന നിയമത്തിന്റെ 64 ലംഘനങ്ങൾ പിടികൂടി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് വിലക്കുന്ന ഉച്ചസമയത്തെ തൊഴിൽ നിരോധന നിയമ ലംഘനമാണ് രേഖപ്പെടുത്തിയത്. ജൂണിലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. തുടർന്ന് 61 കമ്പനികൾ നിയന്ത്രണ ലംഘനം നടത്തിയതായി അതോറിറ്റി റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ മാത്രം 31 സ്ഥാപനങ്ങളാണ് നിയമം ലംഘിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഇൻസ്‌പെക്ടർമാർ 102 ജോലിസ്ഥലങ്ങൾ സന്ദർശിച്ചു. ഹോട്ട്ലൈൻ വഴി 26 പരാതികൾ ലഭിച്ചു. നിയമലംഘനത്തെ തുടർന്ന് മുമ്പ് മുന്നറിയിപ്പ് നൽകപ്പെട്ട കമ്പനികൾ നിയമം പാലിക്കുന്നതായി തുടർ പരിശോധനകളിൽ കണ്ടെത്തിയതായും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.