ഒമാനിൽ തൊഴിലാളികൾക്ക് ഡബ്ല്യു.പി.എസ് വഴി ശമ്പള കൈമാറുന്നതിന് പുതിയ മാർഗ നിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് 75 ശതമാനം പേരുടെ വേതനം വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിർദേശം. വരുന്ന സെപ്റ്റംബർ മുതലാണ് ഇത് നടപ്പാക്കുന്നത്. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബറിൽ വിതരണ ചെയ്യുമ്പോൾ ഈ രീതിയാണ് പിന്തുടരേണ്ടത്. പിന്നീട് സ്ഥാപനത്തിലെ 90 തൊണ്ണൂറ് ശതമാനം പേരുടെ വേതനവും ഡബ്ല്യു.പി.എസ് വഴി ആക്കണം. നവംബറിലെ വേതനം ഡിസംബർ മുതൽ ഇങ്ങനെയാണ് നൽകേണ്ടതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും സാമ്പത്തിക പിഴകളിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്നതടക്കമുള്ള മാർഗനിർദേശങ്ങൾ നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.









