ഈ വർഷം ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ 16 ശതമാനം കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 1,968,733 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വർഷം ഇത് 1,659,448 ആയി കുറഞ്ഞു. വാഹനാപകടങ്ങളിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2024ൽ 2,511 അപകടങ്ങൾ നടന്നപ്പോൾ 2025ൽ ഇത് 1,383 ആയി കുറഞ്ഞു. അപകട മരണങ്ങളിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം 143 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഈ വർഷം 94 പേരാണ് മരിച്ചത്, ഇത് 34 ശതമാനം കുറവാണ്. ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ കർശനമായ ട്രാഫിക് നിയന്ത്രണ നടപടികൾ, നൂതന നിരീക്ഷണ സംവിധാനങ്ങൾ, കൂടാതെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ തുടർച്ചയായ ബോധവൽക്കരണ കാമ്പയ്നുകൾ എന്നിവയാണ് ഈ മെച്ചപ്പെടുത്തലുകൾക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.









