സൗദിയിലെ റിയാദിൽ പുതിയ പാർക്കിങ് മാനേജ്മെൻറ് സംവിധാനം . റെസിഡൻഷ്യൽ ഏരിയകളിലെ സ്ഥിരതാമസക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. പാർക്കിങ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കുന്ന പുതിയ രീതിയാണ് നടപ്പിലാക്കുന്നത്. നഫാത്ത് ആപ്ലിക്കേഷൻ വഴി റിയാദ് പാർക്കിങ് ആപ്പിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ റെമാത് അൽ-റിയാദ് ഡെവലപ്മെന്റ് കമ്പനിയും എസ്ടിസിയും ചേർന്നാണ് പദ്ധതി നടത്തുന്നത്. പുതിയ സംവിധാനം തുടക്കത്തിൽ അൽ-വുറുദ്, അൽ-റഹ്മാനിയ, വെസ്റ്റേൺ അൽ-ഒലയ, അൽ-മുറൂജ്, കിംഗ് ഫഹദ്, അൽ-സുലൈമാനിയ എന്നിവയുൾപ്പെടുന്ന പതിനാറ് ജില്ലകളിലാണ് നടപ്പിലാക്കിയത്. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുടെ പരിശോധനകളുണ്ടാകും.









