ഒമാനിലെ വാഹന രജിസ്‌ട്രേഷൻ 5.5% വർധിച്ച് ഏകദേശം 1.8 ദശലക്ഷമായി. ഈ വർഷം ജൂൺ അവസാനം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1,798,062 വാഹനങ്ങളാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5% വർധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 79.3% വും അഥവാ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളാണ്. 1,425,308 സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വാണിജ്യ വാഹനങ്ങൾ 14.7% , വാടക വാഹനങ്ങൾ 2.3% എന്നിങ്ങനെയാണ് ഇതര വാഹനങ്ങളുടെ കണക്കുകൾ. ടാക്‌സികൾ, സർക്കാർ വാഹനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവ ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് ഒമാനി റോഡുകളിൽ ഏറ്റവും സാധാരണയായി കാണുന്നത്. മൊത്തം വാഹനങ്ങളുടെ 42.3% അഥവാ 7,61,358 വാഹനങ്ങൾ ഈ നിറമുള്ളതാണ്. 12.9% വുമായി വെള്ളി നിറത്തിലുള്ളവയാണ് രണ്ടാം സ്ഥാനത്ത്. അഥവാ 2,31,822 വാഹനങ്ങൾ. 1,81,140 വാഹനങ്ങളുമായി ചാരനിറം മൂന്നാം സ്ഥാനത്തും എത്തി. എഞ്ചിൻ ശേഷിയുടെ കാര്യത്തിൽ, 1,500 സിസിക്കും 3,000 സിസിക്കും ഇടയിൽ എഞ്ചിനുകളുള്ള 979,300 വാഹനങ്ങൾ രാജ്യത്തുണ്ട്. അഥവാ 54.5%. 3,001 സിസിക്കും 4,500 സിസിക്കും ഇടയിൽ ശേഷിയുള്ളവ 22.2% ആണ്. മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങൾ ഏറ്റവും വലിയ ഭാര വിഭാഗത്തിൽ പെടുന്നു, ഇത് മൊത്തം രജിസ്‌ട്രേഷന്റെ 90.7% ആണ്. അഥവാ 16,31,392 വാഹനങ്ങൾ.