നയ്യ ഐലൻഡ് എന്ന പേരിൽ ദുബൈയിൽ അത്യാഢംബര താമസത്തിനുള്ള ദ്വീപ് വരുന്നു. ജുമൈറ കടൽ തീരത്താണ് പ്രൈവറ്റ് ബീച്ച് ഉൾപ്പെടെ അതിസമ്പന്നർക്കായുള്ള താമസമേഖല ഒരുക്കുന്നത്. അത്യാഢംബര ജീവിതത്തെ പുനർനിർവചിക്കുന്ന പദ്ധതിയെന്നാണ് നയ്യ ഐലന്റ് ദുബൈയെ സംരംഭകരായ ശമാൽ ഹോൽഡിങ് വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് റിസോർട്ട് ഡിസൈനർമാരായ ഷെവൽ ബ്ലാങ്ക് മൈസൻ രൂപകൽപന ചെയ്ത പ്രൈവറ്റ് വില്ലകളും, സ്യൂട്ടുകളുമാണ് നയ്യ ഐലാൻഡിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. കടലിൽ നിർമിക്കുന്ന ദ്വീപിൽ ഹരിത ഉദ്യാനങ്ങളും, പ്രൈവറ്റ് ബീച്ചോടു കൂടിയ ബ്രാൻഡഡ് ബീച്ച്ഫ്രണ്ട് താമസകേന്ദ്രങ്ങളും പദ്ധതിയിലുണ്ട്. ദുബൈയിലെ ഐക്കൺ ബിൽഡിങ്ങുകൾ കടൽ തീരത്ത് നിന്ന് ആസ്വദിക്കാൻ കഴിയുന്ന വിധമായിരിക്കും നയ്യാ ഐലന്റ് ദുബൈയിലെ താമസകേന്ദ്രങ്ങൾ.