ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ . വിപണി നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള തുടർശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം നടത്തിയ പരിശോധനാ കാമ്പയിനെ തുടർന്നാണ് നടപടി. മന്ത്രാലയത്തിന്റെ പരിശോധന വകുപ്പാണ് നടപടികൾ സ്വീകരിച്ചത്. 2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരെയാണ് നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററൻറുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്‌സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കിയത്.









