അബൂദബിയിൽ പന്ത്രണ്ട് സ്വകാര്യ സ്കൂളുകൾക്ക് പ്രവേശന വിലക്ക് . പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് താൽകാലികമായി വിലക്കിയത്. അക്കാദമിക് റെക്കോഡുകളിലെ പൊരുത്തക്കേടും, വിദ്യാഭ്യാസ നിലവാരം പരിഗണിക്കാതെ വിദ്യാർഥികൾക്ക് ഉയർന്ന ഗ്രേഡ് നൽകുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി . പരിശോധനയിൽ വിദ്യാർഥികളുടെ ഇന്റേണൽ സ്‌കൂൾ ഗ്രേഡും പൊതു പരീക്ഷയിലെ പ്രകടനവും തമ്മിലുള്ള പൊരുത്തക്കേടുകളും അധികൃതർ കണ്ടെത്തി. ഗ്രേഡുകൾ വാരിക്കോരി നൽകുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്നും, വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്നും അഡെക് വ്യക്തമാക്കി. നടപടി നേരിട്ട സ്‌കൂളുകൾ പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിദ്യാർഥികളുടെയും നോട്ടുകൾ, ഗ്രേഡിങ് രീതികൾ, മൂല്യനിർണയ സാംപിളുകൾ തുടങ്ങിയ വിശദമായ അക്കാദമിക് രേഖകൾ അഡെക് മുമ്പാകെ ഹാജരാക്കണം. പൊരുത്തക്കേടുകൾ തിരിച്ചറിയാനായാണിത്. ഇത്തരം പരിശോധന വൈകാതെ ഒമ്പതാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ നീട്ടുമെന്നും അഡെക് വ്യക്തമാക്കി.









