കുവൈത്ത് സിറ്റി കുവൈത്തിൽ ഈ വർഷം പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമങ്ങളും, പിഴകളും കർശനമാക്കിയതിനെ തുടർന്ന് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു. പുതിയ ട്രാഫിക് നിയമമാണ് ഈ നേട്ടത്തിന് പ്രധാന കാരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും, സ്മാർട്ട് സുരക്ഷാ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും, അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്.









