ഒമാനിലെ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ജലൈ 31ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനായി ജനുവരിയിലാണ് മന്ത്രാലയം സംരംഭത്തിന് തുടക്കമിട്ടത്. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി മൽകുന്നത്. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 31ന് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. റസിഡന്റ്‌സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും. വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനനുസരിച്ച് റസിഡന്റ്‌സ് കാർഡിന്റെ എല്ലാ പിഴകളും ഒഴിവാക്കപ്പെടും. നോൺ വർക്ക് വിസകളുമായി ബന്ധപ്പെട്ട പിഴകളും ഒഴിവാക്കിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.









