ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ഈ മാസം 27-ന് ബഹുനിലക്കെട്ടിടങ്ങൾക്കുസമീപമുള്ള പാർക്കിങ് ഒഴികെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചമുതൽ സാധാരണ പാർക്കിങ് ഫീസ് ഈടാക്കും. അവധിദിനത്തിൽ ദുബായ് മെട്രോ രാവിലെ അഞ്ചുമുതൽ അടുത്തദിവസം പുലർച്ചെ ഒന്നുവരെ സർവീസ് നടത്തും. ദുബായ് ട്രാം രാവിലെ ആറുമുതൽ പിറ്റേന്ന് പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും. എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും വെള്ളിയാഴ്ച അടച്ചിടും. എന്നാൽ, ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ സർവീസ് പ്രൊവൈഡർ സെന്ററുകളും വെള്ളിയാഴ്ച അടച്ചിടും. വാഹനപരിശോധനാസേവനങ്ങൾ ശനിയാഴ്ച പുനഃരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുബസുകളുടെയും മറൈൻ ട്രാൻസ്പോർട്ടിന്റെയും സമയക്രമമറിയാനായി യാത്രക്കാർക്ക് എസ് ഹെയിൽ അല്ലെങ്കിൽ ആർടിഎ ആപ്പുകൾ പരിശോധിക്കാം.








