ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി സാധാരണനിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള വിമാനങ്ങളും സാവധാനം സേവനപാതയിലേക്ക് പ്രവേശിച്ചുതുടങ്ങി. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയുംവേഗം തുടങ്ങാൻ നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ കൂട്ടിച്ചേർത്തു. അതേസമയം, വഴിതിരിച്ചുവിടുന്നത് തുടരുന്നുണ്ട്. ഇറാൻ വ്യോമമേഖലയിലെ യാത്രാനിരോധനം ഇപ്പോഴും തുടരുകയാണ്. ഇത് യാത്രാസമയം കൂടാൻ കാരണമാകുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.









