ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സംയമനം പാലിക്കാനും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്. സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ വ്യക്തമാക്കി.









