ദുബായ് : എമിറേറ്റിൽ അനുവാദമില്ലാതെ താമസമുറികൾ വേർതിരിച്ച് ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. നഗരത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ മുറികൾ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് എമിറേറ്റിൽ മുനിസിപ്പാലിറ്റിയുടെ പരിശോധനകൾ നടക്കുകയാണ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് മുൻസിപ്പാലിറ്റി അനധികൃത താമസയിടങ്ങൾക്കെതിരേ പരിശോധന കർശനമാക്കിയത്. ദുബായിലെ ബഹുനിലക്കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും പരിശോധനകൾ നടക്കുന്നത്. അൽ റിഗ്ഗ, അൽ മുറാഖാബാത്ത്, അൽ ബർഷ, അൽ സത്വ, അൽ റാഫ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധനകളെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പരിശോധനകൾക്കുമുൻപുതന്നെ കെട്ടിടഉടമകൾക്ക് ഇതുസംബന്ധിച്ച അറിയിപ്പുകളും മുനിസിപ്പാലിറ്റി നൽകുന്നുണ്ട്. നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഉടമകളെ ബോധ്യപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.താമസമുറികളിലോ അനുബന്ധ ഇടങ്ങളിലോ അനുവാദമില്ലാതെ വേർതിരിക്കലോ മറ്റു നിർമാണപ്രവർത്തനങ്ങളോ ഘടനാപരമായ പരിഷ്‌കാരങ്ങളോ പാടില്ലെന്നാണ് നിയമം.









