വിമാനങ്ങളുടെ സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി ഖത്തർ എയർവേസ്. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി എയർലൈനിന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടും നെറ്റ്വർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സമയക്രമങ്ങളിൽ മാറ്റം ഖത്തർ എയർവേസ് വരുത്തുന്നത്. യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ പുറപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ സൂചിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും സുരക്ഷിതമായ വിമാന യാത്രകൾക്കായി വ്യോമയാന ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.









