വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്.
‘സുരക്ഷിത ഡിജിറ്റൽ കോർപ്പറേറ്റ് കമ്യൂണിറ്റിയിലേക്ക്’ എന്ന ഫോറത്തെക്കുറിച്ച് സംസാരിക്കവെ ഡിജിറ്റൽ ക്രൈം ഡിപ്പാർട്ട്മെന്റ് മേധാവി ലെഫ്. കേണൽ സുൽത്താൻ ബിൻ താലിഹ് സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ, ഓൺലൈൻ ഭീഷണികൾ തുടങ്ങിയവയിൽനിന്ന് എങ്ങിനെ രക്ഷനേടാമെന്നു പൊതുജനങ്ങളെ ബോധവത്കരിക്കാൻ ഷാർജ പോലീസ് രൂപവത്കരിച്ച പദ്ധതിയാണിത്. കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ സൈബർ തട്ടിപ്പുകൾക്കെതിരേ ബോധവത്കരിക്കണം. സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിലും വിവിധ കമ്യൂണിറ്റി കൗൺസിലുകളിലും ഫോറം ചർച്ചകളും ബോധവത്കരണങ്ങളും സംഘടിപ്പിച്ചുവരുന്നതായി ലെഫ്.കേണൽ സുൽത്താൻ ബിൻ താലിഹ് വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കാനും സൈബർ തട്ടിപ്പുകൾ തടയാനുള്ള സംവിധാനങ്ങളും പരിശീലിക്കണം. കൂടാതെ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം പഠിപ്പിക്കുന്നതിനും ഫോറം സന്നദ്ധമാണെന്നും ലെഫ്.കേണൽ സുൽത്താൻ ബിൻ താലിഹ് കൂട്ടിച്ചേർത്തു.