അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞതായി റിപ്പോർട്ട്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി അധികൃതർ ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി വ്യക്തമാക്കി. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധിയാണ് അധികൃതർ എടുത്തുകളഞ്ഞത്. 2023 ഏപ്രിൽ മുതലാണ് അബൂദബി പൊലീസ് ഈ പുതിയ ട്രാഫിക് നിയമം അവതരിപ്പിച്ചത്. എന്നാൽ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 2 വർഷത്തിനു ശേഷമാണ് നിയമം എടുത്തുകളയാനുള്ള തീരുമാനമുണ്ടാകുന്നത്.









