ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ ചൂണ്ടിക്കാട്ടി. ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ എന്നീ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വൻ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ശിശു മരണ നിരക്കിലും ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ് ഖത്തർ. ആയിരത്തിൽ 2 ആണ് ഖത്തറിലെ ശിശു മരണ നിരക്കെങ്കിൽ 7 ആണ് ആഗോള ശരാശരി. പ്രധാന ആരോഗ്യ സംരക്ഷണ സൂചകങ്ങളിൽ ആഗോള റാങ്കിലും ഖത്തർ മുന്നേറ്റം നടത്തി. ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് സിറ്റി എന്ന പദവി എല്ലാ മുനിസിപ്പാലിറ്റികൾക്കും ലഭിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഖത്തർ. രാജ്യത്തെ 8 മുനിസിപ്പാലിറ്റികൾക്കും ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്ത് സിറ്റി പദവി ലഭിച്ചിട്ടുണ്ട്.