കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് തുടർന്ന് സ്കൂളുകൾ ഓണ്‍ലൈനാക്കാൻ അധികൃതർ നിർദേശം നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടിയെടുക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാന്നും അധികൃതർ നിർദ്ദേശം നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും അപ്ഡേറ്റ് ആയിരിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇടയ്ക്കിടെ പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും മുന്നറിയി പ്പിൽ വ്യക്തമാക്കി. ആസ്ത്മ, അലർജി അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഇന്ന് മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്താൽ താപനിലയിലും പൊടിയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.