റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് വീണ്ടും മാറ്റിവെച്ചു. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു .ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുന്നത്.